അബുദാബി : രാജ്യത്തെ ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബ് ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസിയേഷന്‍റെ അംഗീകാരം. 2023 - 2024 സീസണില്‍ യു. എ. ഇ. യിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ ഒന്നായി അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്. സി. മികച്ച നേട്ടമാണ് കൈ വരിച്ചത്. ലീഗില്‍ പ്രവേശിക്കുകയും ഡിവിഷന്‍ മൂന്നിലേക്ക് അംഗീകരിക്ക പ്പെടുകയും ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഫുട് ബോള്‍ ക്ലബ്ബ്
എന്ന നിലയില്‍ വലിയ ബഹുമതിയാണ് ഇത് എന്ന് സി. ഇ. ഓ. അറക്കല്‍ കമറുദ്ധീന്‍ അറിയിച്ചു.
പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും ഉള്ളവര്‍ ആയിരിക്കും. ഇന്ത്യന്‍ ദേശീയ ടീമിനു വേണ്ടി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാനാണ് (എഫ് എ ലെവല്‍ 3 കോച്ച്) നിലവില്‍ ടീമിന്‍റെ പരിശീലകന്‍. ഈ സീസണില്‍ 16 ടീമുകള്‍ ഉള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങള്‍ നടക്കും എന്നും കമറുദ്ധീന്‍ അറിയിച്ചു.
നിലവില്‍ ഇത്തിഹാദ് എഫ്. സി. യുടെ ഹോം ഗ്രൗണ്ട് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ്. എന്നാല്‍ മുസ്സഫയില്‍ ഇത്തിഹാദ് എഫ്. സി. ക്ക് സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍
ഭൂമി എടുത്തു എങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫുട് ബോള്‍ ആരാധകരായ വന്‍ കിട സ്പോണ്‍സര്‍മാരെ തേടുകയാണ്.
0 Comments