രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്‍റെ 'ആരോഗ്യ മന്ഥൻ 2023' പുരസ്‌കാരം കേരളത്തിന് ലഭിച്ചു.
സംസ്ഥാനത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ. ബി. പി. എം. ജെ. എ. വൈ.) യുടെ വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ഹെൽത്ത് അതോറിറ്റി 'ആരോഗ്യ മന്ഥൻ 2023' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
പദ്ധതി മുഖാന്തിരം രാജ്യത്ത് 'ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം', പദ്ധതി ഗുണ ഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് 'മികവുറ്റ പ്രവർത്തനങ്ങൾ' എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.
ഇതിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്‍റെ കാലത്ത് തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിന്‍റെ മുമ്പിൽ ആരും നിസഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്.
സാമ്പത്തിക പരിമിതികൾക്ക് ഇടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തന ങ്ങൾക്കും ഉള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങൾ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ 3200 കോടി യില്‍ അധികം രൂപയുടെ സൗജന്യ ചികിത്സ നൽകാന്‍ കഴിഞ്ഞിട്ടുണ്ട്.
കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 13 ലക്ഷത്തോളം ഗുണ ഭോക്താക്കൾക്ക് 30 ലക്ഷത്തോളം ക്ലൈമുകളിലൂടെ ചികിത്സ നൽകി. ഈ ഇനത്തിൽ കേന്ദ്ര വിഹിതമായി കഴിഞ്ഞ വർഷം 151 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബാക്കി വരുന്ന പണം സംസ്ഥാന സർക്കാര്‍ നിർവ്വഹിക്കുന്നു. നിലവിൽ കാസ്പിന് കീഴിൽ വരുന്ന 42 ലക്ഷം ഗുണ ഭോക്താക്കളിൽ 20 ലക്ഷത്തിൽ അധികം പേർ പൂർണ്ണമായും സംസ്ഥാന ധനസഹായം ഉള്ളവരാണ്.
ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തിരമാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും എം-പാനൽ ചെയ്യ പ്പെട്ടിട്ടുള്ള 613 ആശുപത്രി കളിൽ നിന്നും ഗുണ ഭോക്താക്കൾക്ക് സൗജന്യ ചികിത്സാ സേവനം ലഭ്യമാകുന്നുണ്ട്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത മൂന്നു ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാന പരിധിയുള്ള കുടുംബ ങ്ങൾക്കായി കാരുണ്യാ ബെനവലന്‍റ് ഫണ്ട് പദ്ധതി മുഖാന്തിരവും ഈ ആശുപത്രികൾ വഴി ചികിത്സാ സേവനങ്ങൾ നല്‍കി വരുന്നു.
'ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ആരും പിന്നിലാകരുത്' എന്ന സുസ്ഥിര വികസന ലക്ഷ്യം മുൻ നിർത്തിയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി സംസ്ഥാനത്തെ കാഴ്ച പരിമിതര്‍ക്ക് ആയിട്ടുള്ള പദ്ധതി ഈ സർക്കാരിന്‍റെ കാലത്ത് പ്രത്യേക സേവനങ്ങൾ ഒരുക്കി.
ഇതിനായി അവരുടെ ചികിത്സാ കാർഡ് 'ബ്രെയിൽ ലിപി' യിൽ സജ്ജമാക്കി. കാഴ്ച പരിമിതരായ അനേകം പേർക്കാണ് ഇതിലൂടെ ആശ്വാസമായത്. ഇത് പരിഗണിച്ചാണ് സംസ്ഥാനത്തിന് പ്രത്യേക പുരസ്‌കാരം കൂടി ലഭിച്ചത്.
0 Comments