ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായ് ഇന്ത്യക്ക് സ്വർണ്ണം



ബെർലിൻ:ഇന്ത്യയുടെ അസ്ത്രം പൊൻകിരീടത്തിൽ തറച്ചിരിക്കുന്നു. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. വനിതാ കോമ്പൗണ്ട് ടീം ഇനത്തിലായിരുന്നു നേട്ടം. ജ്യോതി സുരേഖ വെണ്ണം, അദിതി ഗോപിചന്ദ് സാമി, പർണീത് കൗർ എന്നിവർ പ്രോജക്ട് ലക്ഷ്യത്തിലേക്ക് അമ്പ് തൊടുത്തു.

ഫൈനലിൽ മെക്സിക്കോയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്കോർ: 235–-229. നാലിലും ഇന്ത്യയ്ക്കായിരുന്നു മുൻതൂക്കം (59--57, 59--58, 59--57, 58--57). നേരത്തെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവും നേടിയിരുന്നു.

ആദ്യ മത്സരത്തിൽ ബൈ ലഭിച്ച ഇന്ത്യ അടുത്ത മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തി. തുടർന്ന് ചൈനീസ് തായ്പേയിയെ തോൽപ്പിച്ചു. നിലവിലെ ജേതാക്കളായ കൊളംബിയയെ സെമിയിൽ തോൽപ്പിച്ചാണ് അവർ ഫൈനലിൽ കടന്നത്. പരിചയസമ്പത്തും യുവത്വവും നിറഞ്ഞതായിരുന്നു ഇന്ത്യൻ ടീം. 27 കാരിയായ ജ്യോതി സുരേഖയുടെ ആന്ധ്രയിൽ നിന്നുള്ള ഏഴാം ലോക മെഡലാണിത്. കഴിഞ്ഞ തവണ (2021) മൂന്ന് വെള്ളിയായിരുന്നു. 2019ൽ രണ്ട് വെങ്കലവും 2017ൽ ഒരു വെള്ളിയും നേടി. പതിനേഴുകാരിയായ അദിതി മഹാരാഷ്ട്ര സ്വദേശിയാണ്. ലോക അണ്ടർ 18 കിരീടം നേടി. പഞ്ചാബ് സ്വദേശിയാണ് പർണീത്. ലോക ചാമ്പ്യൻഷിപ്പിനായി 12 അംഗ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. മലയാളി ഡോ. സോണി ജോൺ ടീമിന്റെ സ്‌പോർട്‌സ് സൈക്കോളജിസ്റ്റാണ്.

Post a Comment

0 Comments