കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശി മുല്ലഴിപ്പാറ ഹൗസിൽ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ രാത്രിയോടെയാണ് മാളിലെത്തി ക്യാമറ സ്ഥാപിച്ചത്.
ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദ ധരിച്ചാണ് ഇയാൾ മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ കാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ച സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി.
ഇയാൾ ശുചിമുറിക്ക് സമീപം പർദ്ദയിട്ട് സംശയാസ്പദരീതിയിൽ ചുറ്റിത്തിരിയുന്നത് കണ്ട സുരക്ഷാജീവനക്കാരാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് പുരുഷനാണെന്ന് മനസ്സിലായത്. ഇയാൾ ട്രാൻസ് ജൻഡർ ആണെന്നും ലെസ്ബിയൻ ആണെന്നും പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഇയാളെ പിടികൂടിയ സ്ത്രീകൾ വിട്ടില്ല.
തുടർന്ന് കളമശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളിക്യാമറ വെച്ച വിവരം ഇയാൾ പറഞ്ഞത്. തുടർന്ന് ഫോൺ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
0 Comments