ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോർതേൺ റൺവേ നവീകരണം നടക്കുന്ന പശ്ചാത്തലത്തിൽ, ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളം (ആൽ മക്തൂം വിമാനത്താവളം) വഴി യാത്ര ചെയ്യുന്നവർക്കായി ഗതാഗത സൗകര്യമൊരുക്കി അധികൃതർ. ജൂൺ 22 വരെ 45 ദിവസത്തേക്കാണ് റൺവേ അടച്ചിട്ടിരിക്കുന്നത്. പ്രധാന റൺവേ അടച്ചിടുന്നതിനാൽ ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ ദുബൈ വേൾഡ് സെൻററിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തിലേക്ക് പോകുന്നതും വരുന്നതുമായ വിമാനങ്ങളും മാറ്റിയവയിലുണ്ട്.
ഇരു വിമാനത്താവളങ്ങൾക്കുമിടയിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന് ടാക്സി ചാർജിൽ ഇളവും സൗജന്യ ബസ് സർവീസുമടക്കമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇളവുകൾ ഇങ്ങനെ
സ്വയം ഡ്രൈവ് ചെയ്ത് വരുന്നവർക്ക്, ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ 2,500 കാറുകൾക്ക് വരെ സൗജന്യ പാർക്കിങ്.
ഇരു വിമാനത്താവളങ്ങൾക്കുമിടയിൽ എല്ലാ ടെർമിനലുകളിൽ നിന്നും ഓരോ 30 മിനിറ്റിലും ദിവസം മുഴുവൻ സൗജന്യ ബസ് സർവീസ്.
ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന എല്ലാ യാത്രക്കും ദുബൈ ടാക്‌സി കോർപറേഷൻ ഫ്ലാഗ് ഫാൾ ചാർജുകൾ(യാത്രയുടെ നിശ്ചിത ആരംഭ ചാർജ്) ഒഴിവാക്കും.
യൂബർ കാർ വഴി യാത്ര ചെയ്യുന്നവർക്ക് ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ 'DWC2022' എന്ന ചേർത്താൽ കിഴിവുകൾ ലഭിക്കും.
ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് എൻ-55, എഫ്-55 എന്നീ ബസ് റൂട്ടുകൾ പ്രവർത്തിപ്പിക്കുന്നത് തുടരും. ചെലവ് കുറഞ്ഞ ഗതാഗത സംവിധാനമാണിത്
0 Comments