അബുദാബി: യുഎഇയില്‍ നവംബര്‍ 15നാണ് സ്വാകര്യ മേഖലയ്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ പരിഷ്‍കാരങ്ങള്‍ പുതിയ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ചട്ടങ്ങള്‍ മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
2022 ഫെബ്രുവരി രണ്ട് മുതലാണ് പുതിയ തൊഴില്‍ നിയമം യുഎഇയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ ലഭിക്കുന്ന ചില അവധികള്‍ ഇവയാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വാരന്ത്യ വിശ്രമ ദിനങ്ങള്‍ ദീര്‍ഘിപ്പിക്കുന്നതിന് വേണ്ടി കമ്പനിയുടെ തീരുമാനമനുസരിച്ച് ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹതയുണ്ടാവും.
അടുത്ത ബന്ധുക്കളുടെ മരണത്തോടനുബന്ധിച്ച് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ശമ്പളത്തോടെ അവധി ലഭിക്കും. മരണപ്പെട്ടയാളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവധികളുടെ എണ്ണം നിജപ്പെടുത്തുക
ഒരു തൊഴിലുടമയുടെ കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 10 ദിവസത്തെ സ്റ്റഡി ലീവിന് അര്‍ഹതയുണ്ടാവും. എന്നാല്‍ യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നിരിക്കണമെന്ന് നിബന്ധനയുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ പേരന്റല്‍ ലീവ് ലഭിക്കും. കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആറ് മാസം വരെയുള്ള കാലയളവിനുള്ളില്‍ ഈ ലീവെടുക്കാം. കുട്ടിയുടെ അച്ഛനും അമ്മയ്‍ക്കും ഈ അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ മാതൃത്വ അവധി 60 ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. 45 ദിവസം മുഴുവന്‍ ശമ്പളത്തോടെയും പിന്നീടുള്ള 15 ദിവസം പകുതി ശമ്പളത്തോടെയും ആയിരിക്കും ഇത്.
മാതൃത്വ അവധി അവസാനിച്ചതിന് ശേഷവും അമ്മയ്‍ക്ക് പ്രസവാനന്തര ആരോഗ്യ പ്രശ്‍നങ്ങളോ കുഞ്ഞിന് മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ പിന്നീട് 45 ദിവസം കൂടി ശമ്പളമില്ലാത്ത അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് മാതൃത്വ അവധി അവസാനിച്ച ശേഷം 30 ദിവസം കൂടി ശമ്പളത്തോടെയുള്ള അധിക അവധി ലഭിക്കും. ഇതിനും ശേഷം പിന്നീട് ആവശ്യമെങ്കില്‍ 30 ദിവസം കൂടി ശമ്പളമില്ലാത്ത അവധിയും ലഭ്യമാവും.
0 Comments